Thursday, October 24, 2013

കാശ്‌മീരിലേയ്‌ക്ക് ഒരു യാത്ര....

    ഭാരത് സ്കൗട്ടസ് & ഗൈഡ്സിന്റെ അംഗങ്ങളായ ഞങ്ങള്‍ 22 പേര്‍ വയനാട്ടില്‍ നിന്ന് സെപ്റ്റംബര്‍ 18ന് കാശ്മീരിലേയ്ക്ക് യാത്ര തിരിച്ചു. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി താലൂക്കിലെ ബോണിയാര്‍ ഗ്രാമത്തില്‍ സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ നടക്കുന്ന നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാനാണ് പോയത്. കേരളത്തെ പ്രതിനിധീകരിച്ച് വയനാട് ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള എട്ട് സ്കൗട്ടുകളും എട്ട് ഗൈഡുകളും മൂന്ന് സ്കൗട്ട് അധ്യാപകരും മൂന്ന് ഗൈഡ് അധ്യാപികമാരും ആണ് യാത്രാസംഘത്തില്‍ ഉണ്ടായിരുന്നത്.
        2013 സെപ്റ്റംബര്‍ 18ന് ഞങ്ങള്‍ യാത്ര തിരിച്ചു. അന്ന് വൈകുന്നേരം 3.10 ന് ഡല്‍ഹിയിലേക്കുള്ള മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസില്‍ കയറി . കൊങ്കണ്‍ പാതയിലൂടെയാണ് ട്രെയിന്‍ നീങ്ങിയത്. തുരങ്കങ്ങള്‍ നിറ‍ഞ്ഞ പാതയായിരുന്നു ഇത്. മഴക്കാലമായതിനാല്‍ വഴിനീളെ പച്ചപ്പുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു. വെള്ളം കുറഞ്ഞ, കല്ലുകള്‍ മാത്രമുള്ള പുഴകളും ഞങ്ങള്‍ കണ്ടു. ഞങ്ങളും ടീച്ചേഴ്സും പല പല കളികള്‍ കളിക്കുകയും പാട്ടുകള്‍ പാടുകയും ചെയ്‍തു. ട്രെയിനില്‍ പല മലയാളികളെയും ഞങ്ങള്‍ കണ്ടു. അവരുമായി കൂട്ടുകൂടുകയും ചെയ്‌തു.
    പ്രകൃതി ഭംഗി നിറഞ്ഞുനില്‍ക്കുന്ന പ്രദേശത്തിലൂടെയായിരുന്നു ഈ ട്രെയിന്‍ യാത്ര. അങ്ങനെ സെപ്റ്റംബര്‍ 20 ഞങ്ങള്‍ ഡല്‍ഹിയില്‍ എത്തി. ഡല്‍ഹി ചേരികള്‍ നിറഞ്ഞ പ്രദേശമായിരുന്നു. എന്നാല്‍ ന്യൂഡല്‍ഹിയാകട്ടെ ഏത് നവീന നഗരത്തേയും പോലെ മനോഹരമായ ഒരു മെട്രോ തന്നെയാണ്.
   ഡല്‍ഹിയില്‍ ഞങ്ങള്‍ തങ്ങിയത് വൈദികര്‍ നടത്തുന്ന നവീനത എന്ന ഒരു ഹോസ്റ്റലിലായിരുന്നു. സെപ്റ്റംബര്‍ 21 ന് രാവിലെ ഞങ്ങള്‍ അവിടെ നിന്നും സ്പെഷ്യല്‍ ബസില്‍ ഡല്‍ഹി കാണാല്‍ പോയി.
   ഡല്‍ഹിയിലെ 'ലോട്ടസ് ടെംബിള്‍' അണ് ഞങ്ങള്‍ അദ്യം കാണാന്‍ പോയത്. മനോഹരമായ പൂന്തോട്ടങ്ങള്‍ ലോട്ടസ് ടെംബിളിന് മുന്നില്‍ ഉണ്ടായിരുന്നു. വെള്ള മാര്‍ബിളില്‍ താമരയുടെ ആകൃതിയില്‍ പണിത ഈ ക്ഷേത്രം അതീവ സുന്ദരമായിരുന്നു. ശില്പങ്ങളോ വിഗ്രഹങ്ങളോ ഇല്ലാത്ത ഈ ക്ഷേത്രത്തിലെ ശാന്തതയില്‍ ഞങ്ങള്‍ അല്പസമയം ധ്യാനനിരതരായി.
      മനോഹരമായ ഈ സ്ഥലത്തുനിന്നിറങ്ങി ഞങ്ങള്‍ 'കുത്തമ്പ് മിനാര്‍' കാണാന്‍ പോയി. അതീവ സുന്ദരവും നല്ല ഉയരവുമുള്ള ഈ മിനാരം എനിക്ക് നല്ലവണ്ണം ഇ‌ഷ്‌ടപ്പെട്ടു. കുത്തമ്പ് മിനാറിന്റെ അടുത്തുതന്നെയുള്ള തുരുമ്പിക്കാത്ത ഇരുമ്പ് തൂണ്‍ ഞങ്ങള്‍ക്ക് അത്ഭുതകരമായ കാഴ്ച്ചയായിരുന്നു.
   അതിനു ശേഷം 'ഹൂമയൂണ്സ് ടോംമ്പ്' ഞങ്ങള്‍ കണ്ടു. താജ്മഹലിന്റെ ഒരു ആകൃതിയാണ് ഈ ടോംമ്പിന് . പക്ഷേ നാലു ഭാഗത്തും മിനാരങ്ങള്‍ ഇല്ലായിരുന്നു. പിന്നെ ഞങ്ങള്‍ 'ഇന്ത്യാ ഗെയിറ്റും' 'റെഡ് ഫോര്‍ട്ടും' 'പാര്‍ലമെന്റ് മന്ദിരവും' കണ്ടു. സമയമില്ലാത്തതിനാല്‍ ഈ മൂന്ന് കെട്ടിടങ്ങളുടെയും ഉള്ളില്‍ കയറാന്‍ സാധിച്ചില്ല.
      വൈകുന്നേരം ഞങ്ങള്‍ ജമ്മുവിലേക്കുള്ള ട്രെയിന്‍ കയറാന്‍ റേയില്‍വേ സ്റ്റേഷനി ലേക്ക് പോയി. രാത്രി 9 മണിക്കായിരുന്നു ജമ്മു മെയില്‍. ട്രെയിന്‍ യാത്ര രാത്രിയില്‍ ആയതിനാല്‍ ഞങ്ങള്‍ അധികം കാഴ്ച്ചകള്‍ കണ്ടില്ല. ട്രെയിനില്‍ നല്ല തിരക്കായിരുന്നു എങ്കിലും സീറ്റ് റിസര്‍വ് ചെയ്തതിനാല്‍ ഞങ്ങള്‍ക്ക് സീറ്റ് ലഭിച്ചു.
       22ന് ഞങ്ങള്‍ ജമ്മുവിലെത്തി . അവിടെ നിന്നും 12മണിക്കൂര്‍ ഞങ്ങള്‍ക്ക് ബസ്സില്‍ യാത്ര ചെയ്യേണ്ടിയിരുന്നു ക്യാമ്പ് സൈറ്റായ ബോണിയാറില്‍ എത്താന്‍. 22ന് രാവിലെ 11 മണിയോടെ ഞങ്ങള്‍ യാത്ര തിരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള ക്യാമ്പങ്ങളോടൊപ്പം ഒരു ബസിലായിരുന്നു യാത്ര. 300 കിലോമീറ്റര്‍ ദൂരം മുഴുവനും ചുരമാണ്. ആയിരത്തിലധികം ആടുകളുള്ള വലിയ ആട്ടിന്‍ കൂട്ടങ്ങള്‍ യാത്രയില്‍ പലപ്പോഴും വഴി തടസപ്പെടുത്തുന്നുണ്ടായിരുന്നു.
      ജമ്മു മനോഹരമായ ഒരു കുന്നിന്‍ പ്രദേശമാണ് . അവിടുത്തെ വീടുകള്‍ കുടിലുകള്‍ മാതിരിയായിരുന്നു. നേരയുള്ള മേല്‍ക്കൂരകളായിരുന്നു ഈ വീടുകള്‍ക്ക്. പ്രകൃതി ഭംഗി നിറഞ്ഞുനില്‍ക്കുന്ന പ്രദേശമായിരുന്നു ഇത്. രാത്രി 12 മണിയോടെ ഞങ്ങള്‍ ശ്രീനഗറില്‍ ഭാരത് സ്കൗട്ടസ് & ഗൈഡ്സിന്റെ ജമ്മു കാശ്മീര്‍ സ്റ്റേറ്റ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തി. രാത്രി അവിടെ താമസിച്ചു. ബോണിയാര്‍ ഗ്രാമത്തിലേക്ക് സുരക്ഷാകാരണങ്ങളാല്‍ രാത്രി യാത്ര അനുവദിച്ചിരുന്നില്ല.
       23 ന് രാവിലെ 6.30 ന് ഞങ്ങള്‍ ശ്രീനഗറില്‍ നിന്ന് പുറപ്പെട്ടു. ബോണിയാറിലേക്കുള്ള യാത്രയില്‍ വിളഞ്ഞുകിടക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍ ധാരാളം കണ്ടു. 10 മണിക്ക് ക്യാമ്പ് സൈറ്റിലെത്തി. ബോണിയാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു ക്യാമ്പ്.
ക്യാമ്പ് സൈറ്റില്‍ നിന്നും പാക്ക്-ഇന്ത്യാ അതിര്‍ത്തിയിലേക്ക് 25 കീ.മീ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. ക്യാമ്പും പരിസരവും മുഴുവന്‍ പട്ടാളക്കാരുടെ സംരക്ഷണത്തിലായിരുന്നെങ്കിലും ഈ സംരക്ഷണം ക്യാമ്പിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല.
    24ന് ക്യാമ്പ് തുടങ്ങി. ഏഴു ദിവസമായിരുന്നു ക്യാമ്പ്. ഈ ക്യാമ്പ് നല്ല രസമുണ്ടാരുന്നു. ക്യാമ്പില്‍ 24 സംസ്ഥാനത്തുനിന്നുള്ള കുട്ടികള്‍ ഉണ്ടായിരുന്നു. അവരുമായി ഇംഗ്ലീഷിലാണ് സംസാരിച്ചത്. എല്ലാം കുട്ടികളും അവരുടെ സംസ്ഥാനത്തിന്റെ നൃത്തങ്ങളം പാട്ടുങ്ങളം ഉത്സവങ്ങളം അവതരിപ്പിച്ചു. അവര്‍ സംസ്ഥാനത്തെപ്പറ്റി പറയുകയും അവരുടെ സംസ്ഥാനത്തിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന വസ്‌ത്രങ്ങള്‍ കാണിച്ചുതരികയും അവിടുത്തെ ജനങ്ങളുടെ ഭക്ഷണവിഭവങ്ങള്‍ കാണിച്ചുതരികയും ചെയ്തു. അവിടെ കണ്ട മറ്റു സംസ്ഥാനക്കാരെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.
    ക്യാമ്പിന്റെ അവസാന ദിവസം ഞങ്ങള്‍ ഇന്ത്യാ പാക്ക് നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള പട്ടാളക്കാരുടെ ക്യാമ്പില്‍ പോയി. അവിടെ നിന്ന് 6 കിലോമീറ്റര്‍ അപ്പുറം പാക്കിസ്ഥാന്‍ ആണ്. ആ പട്ടാളക്കാരുടെ ക്യാമ്പില്‍ ഉണ്ടായിരുന്ന ഹെലിക്കോപ്റ്റര്‍ ലാന്‍ഡിങ്ങും പിസ്‌റ്റല്‍ മുതല്‍ മിഷ്യന്‍ ഗണ്‍ വരെയുള്ള തോക്കുകളും ഞങ്ങള്‍ കണ്ടു.
      കാശ്‍മീര്‍ മനോഹരമായ ഒരു പ്രദേശമാണ്. അവിടുത്തെ വീടുകള്‍ക്ക് കുത്തനെ ചരിഞ്ഞ മേല്‍ക്കൂരകളായിരുന്നു. ഈ ചരിവ് മഞ്ഞുവീഴ്ച്ചയുടെ സമയത്ത് മഞ്ഞ് വീടിനു മുകളില്‍ കെട്ടിനില്‍ക്കാതിരിക്കാന്‍ സഹായിക്കുന്നു. കാശ്മീര്‍ പൈന്‍ മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പ്രദേശമാണ്. കാശ്‍മീരില്‍ നെല്‍കൃഷിയും ആപ്പിള്‍കൃഷിയും കാണാന്‍ സാധിച്ചു. അവിടെ ഒരു കിലാ ആപ്പിളിന് ₹20 ആണ് വില. അവിടങ്ങളില്‍ ലഭിച്ചിരുന്ന പ്രധാന ഭക്ഷണം ചപ്പാത്തിയും പൂരിയും പരിപ്പുകറിയുമായിരുന്നു. വെള്ളം പൂര്‍ണ്ണമായും വറ്റിച്ചെടുത്താണ് അവര്‍ ചോറ് തയ്യാറാക്കുന്നത്.
      ക്യാമ്പ് 30 ന് രാവിലെ അവസാനിച്ചു. തുടര്‍ന്ന് ഞങ്ങള്‍ ശ്രീനഗര്‍ കാണാന്‍ പോയി. അവിടെയുള്ള മുഗള്‍ ഗാര്‍ഡനുകളും ദാല്‍ തടാകവും ഹസ്റത്ത് ബാല്‍ പള്ളിയും ഞങ്ങള്‍ കണ്ടു. 350 വര്‍ഷത്തിലധികം പ്രായമുള്ള ചിന്നാര്‍ മരങ്ങള്‍ ആ പ്രദേശങ്ങളില്‍ ധാരാളമുണ്ടായിരുന്നു. ഷാലിമാര്‍ ഗാര്‍ഡനും ദാല്‍ തടാകവും അതീവസുന്ദരമായിരുന്നു. ഹൗസ് ബോട്ടുകള്‍ സഞ്ചാരികളെ കാത്ത് കിടപ്പുണ്ടായിരുന്നു. പക്ഷേ സഞ്ചാരികള്‍ കുറവായിരുന്നു.
     വൈകുന്നേരം ഞങ്ങള്‍ ജമ്മുവിലേയ്ക്ക് യാത്ര തിരിച്ചു . ഒക്ടോബര്‍ ഒന്നാം തീയ്യതി രാവിലെ എട്ടു മണിക്ക് ജമ്മുവിലെത്തി. പതിനൊന്നു മണിക്ക് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. രാത്രി ഒന്‍പതിന് ഞങ്ങള്‍ ഡല്‍ഹിയില്‍ എത്തി. അടുത്ത ദിവസമായിരുന്നു കോഴിക്കോട്ടേയ്‍ക്കുള്ള ട്രെയിന്‍. അതിനാല്‍ ഞങ്ങള്‍ റേയില്‍വേ സ്റ്റേഷനില്‍ തന്നെ കിടന്നു.
      ഒക്ടോബര്‍ രണ്ടാം തീയ്യതി രാവിലെ ഒന്‍പത് മണിക്ക് ട്രെയിനില്‍ കയറി . ട്രെയിനില്‍ കൂടുതലും മലയാളികളായതിനാല്‍ ഞങ്ങള്‍ സന്തോഷിച്ചു. ട്രെയിനിലെ അവസാന രാത്രിയില്‍ എല്ലാവരും അവരുടെ യാത്ര അനുഭവങ്ങള്‍ പങ്കുവെച്ചു. വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ കൂട്ടുകാരെ വിട്ടുപിരിയാന്‍ ഞങ്ങള്‍ക്ക് സങ്കടം തോന്നി. നല്ല രസമുള്ള ഒരു യാത്രയായിരുന്നു ഇത്. പതിനാറ് ദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. കാശ്മീര്‍ വിഭവങ്ങളായ 'കാ അവയും' 'ബധാമും' 'പഴങ്ങളും' ഞാന്‍ വീട്ടുകാരുമായി പങ്കുവെച്ചു.
     ഈ യാത്രയിലൂടെ എനിക്ക് കേരളത്തിനു പുറത്തുള്ള കാലാവസ്ഥകളും ഭൂപ്രകൃതികളും ജീവിതരീതികളും ഭാഷകളും വേഷങ്ങളും ഭക്ഷണരീതികളും കലാരൂപങ്ങളും അടുത്തറിയാന്‍ സാധിച്ചു. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയില്‍ ഞാന്‍ അലിഞ്ഞുചേര്‍ന്നു......


  സാഗര്‍ ഇമ്മാനുവല്‍ ജോബി
                                     നിര്‍മ്മല ഹൈസ്‌കൂള്‍, തരിയോട്
                                                  വയനാട്

No comments:

Post a Comment